ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം നടന്ന വീട്ടിലെത്തിയ പോലീസ് നായ മണംപിടിച്ചോടിയത് നിർമാണം നടക്കുന്ന മക്കളുടെ വീടുകളിലേക്ക്. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് കൊല്ലപ്പെട്ടത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറയ്ക്കൽ പാടീറ്റതിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്കു താമസിക്കുകയായിരുന്നു.
മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണത്തിന്റെ ഭാഗമായെത്തിയ നായ മണംപിടിച്ചോടിയത് വീടിന്റെ പുറകുവശത്തുകൂടി തോടിനോടു ചേർന്നുള്ള നടവഴിയിലൂടെയാണ്.
രണ്ടുതവണ മണം പിടിപ്പിച്ചപ്പോഴും നായ ഓടിയെത്തിയത് ഈ ഭാഗത്തേക്കാണ്. ശിവൻകുട്ടി താമസിക്കുന്ന വാടകവീടിനു തൊട്ടടുത്താണ് മക്കൾക്കായി രണ്ടു വീടുകളുടെ നിർമാണം നടക്കുന്നത്. ഒരു വീടിന്റെ തേപ്പുപണിയും മറ്റൊന്നിന്റെ ഫൗണ്ടേഷൻ നിർമാണവുമാണ് നടക്കുന്നത്. ഇവിടെയുള്ള തൊഴിലാളികളുമായി ശിവൻകുട്ടി ദിവസവും സമ്പർക്കം പുലർത്തിയിരുന്നു.
ഇതാണോ നായ അങ്ങോട്ടേക്ക് ഓടാൻ കാരണമെന്നും അക്രമികൾ ഇതുവഴി രക്ഷപ്പെട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മുളകുപൊടിയും സങ്കീർണമായ കെട്ടുകളും
ഹരിപ്പാട്: കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ അവലംബിച്ചതാണ് കേസിൽ പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറി. കൈകാലുകൾ ബന്ധിച്ചതിനു പുറമേ കൈയും തുടയും തമ്മിലും കൂട്ടിക്കെട്ടിയിരുന്നു.
ശിവൻകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരവും അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലെ കമ്പിവലയിലൂടെ കൈയിട്ട് സാക്ഷ മാറ്റാമെന്ന കാര്യവും മുൻകൂട്ടി അറിഞ്ഞവരാണു സംഭവത്തിന് പിന്നിലെന്നാണു സൂചന. കൃത്യം നിർവഹിച്ച ശേഷം അതേരീതിയിൽ തന്നെ വാതിൽ പുറത്തുനിന്നു സാക്ഷയിട്ട് രക്ഷപ്പെട്ടതും ആസൂത്രണത്തിന്റെ തെളിവായി പോലീസ് കാണുന്നു.